Wednesday, December 21, 2011

പെന്‍ഷന്‍ ബില്‍ : ഇന്ന് ഓഫീസ് ബഹിഷ്കരണം


ജീവനക്കാരുടെയും അധ്യാപകരുടെയും സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കുന്ന പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരും അധ്യാപകരും വ്യാഴാഴ്ച ഓഫീസ് ബഹിഷ്കരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം നവംബര്‍ 16ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബില്‍ നിയമമാകുന്നതോടെ 2004 ജനുവരിക്കുശേഷം സര്‍വീസില്‍ വന്ന ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കു കീഴിലാണ്. മറ്റു ജീവനക്കാരെയും ഇതരപെന്‍ഷന്‍ പദ്ധതികളും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള വകുപ്പുണ്ട്. ഇതിലൂടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനം ഇല്ലാതാവും. ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ജിപിഎഫ് ഇല്ലാതാകുകയും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഭനിശ്ചിത ആനുകൂല്യം അട്ടിമറിക്കപ്പെടുകയും ചെയ്യും. നവലിബറല്‍ നയങ്ങള്‍ പെന്‍ഷന്‍മേഖലയിലും നടപ്പാക്കുന്ന തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും പ്രതിഷേധത്തിന്റെ പാതയിലാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഓഫീസ് ബഹിഷ്കരണസമരം വന്‍വിജയമാക്കണമെന്ന് എഫ്എസ്ഇടിഒ, അധ്യാപക സര്‍വീസ് സംഘടനാസമരസമിതി,എഫ്ഇടിഒ, അധ്യാപകസംഘടനാ ഐക്യവേദി തുടങ്ങിയ സംഘടനകള്‍ അഭ്യര്‍ഥിച്ചു.