Monday, February 27, 2012

ഐതിഹാസിക പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍എം പ്രശാന്ത്
Posted on: 26-Feb-2012 11:26 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഐതിഹാസികസമരത്തിനൊരുങ്ങി. 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന പണിമുടക്ക് ഇന്ത്യന്‍ സമരചരിത്രത്തില്‍ അവിസ്മരണീയ ഏടാകും. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പണിമുടക്കാരംഭിക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ട്രേഡ്യൂണിയനുകളും സഹകരിക്കുന്ന സംയുക്ത പണിമുടക്ക് ഇതാദ്യമാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുംവിധം പണിമുടക്ക് വന്‍ വിജയമാക്കുന്നതിനായി സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെയെല്ലാം നേതൃത്വം ഒരേ മനസ്സോടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലാണ്. പണിമുടക്കിനുള്ള ഒരുക്കം പൂര്‍ത്തിയായെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക്. സംഘടിത-അസംഘടിത മേഖലകളിലായി രാജ്യത്ത് അമ്പതുകോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കും. ബാങ്ക്-ഇന്‍ഷുറന്‍സ്-ടെലികോം- തപാല്‍ - തുറമുഖം- എണ്ണ-പ്രകൃതിവാതകം-ഖനി-വൈദ്യുതി- ഗതാഗതം&ാറമവെ; തുടങ്ങി പ്രധാന തൊഴില്‍മേഖലകളെല്ലാം സ്തംഭിക്കും. രാജ്യത്തെ എല്ലാ ഫാക്ടറികളും വ്യവസായശാലകളും നിശ്ചലമാകും. ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സമരത്തില്‍ പങ്കാളികളാകും. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള 32 ആയുധഫാക്ടറികളും എട്ട് പൊതുമേഖലാ പ്രതിരോധസ്ഥാപനങ്ങളും നിശ്ചലമാകും. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ കടുത്ത തൊഴിലാളിവിരുദ്ധ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതാണ് രാജ്യവ്യാപക പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്. 1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ച ശേഷം പതിനാലാമത് പൊതുപണിമുടക്കിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്കുകളില്‍ അധികവും. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കിലാകട്ടെ ഇതാദ്യമായി ബിഎംഎസും ട്രേഡ്യൂണിയന്‍ ഐക്യത്തില്‍ പങ്കാളികളാകുകയാണ്. പത്തിന ആവശ്യങ്ങളുന്നയിച്ച് പലവട്ടം യുപിഎ സര്‍ക്കാരിനെ ട്രേഡ്യൂണിയനുകള്‍ സമീപിച്ചെങ്കിലും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക്തയ്യാറായില്ല. അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളിവര്‍ഗം ശക്തമായ സമരമുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്തേക്ക് വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റങ്ങളിലൊന്നായി അഖിലേന്ത്യാ പണിമുടക്ക് മാറും.