Monday, August 13, 2012

കേരളത്തെ മറ്റൊരു വാള്‍സ്ട്രീറ്റാക്കരുത്!


സേവനമേഖലയില്‍ ചിലവഴിക്കേണ്ട തുക കുറച്ചുകൊണ്ടുവരിക, തസ്തികകള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നയപരിപാടികള്‍ മന്‍മോഹണോമിക്‌സിന്റെ മുഖമുദ്രയാണ്. കേന്ദ്രത്തിന്റെ വികലമായ ഈ സാമ്പത്തിക നയമനുസരിച്ച് ശമ്പളംകൂട്ടി കൊടുക്കുന്നതും തസ്തികകള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതുമൊക്കെ ഒരുതരം സാമ്പത്തിക നഷ്ടക്കച്ചവടമാണ്. തൊഴിലെടുക്കുന്നവരുടെ എണ്ണംകുറച്ച് ഉള്ളവരെകൊണ്ട് അധികജോലി ചെയ്യ
ിച്ച് അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കുള്ള നീക്കിയിരിപ്പ് തുക പരിമിതപ്പെടുത്തി ലാഭം കുന്നുകൂട്ടുക എന്ന മുതലാളിത്ത സാമ്പത്തികനയം വള്ളി പുള്ളി വ്യത്യാസമില്ലാതെ കേന്ദ്രം നടപ്പിലാക്കി വരികയാണല്ലോ.സംസ്ഥാനനയം പിന്നെ മറിച്ചാകാന്‍ തരമില്ല. പങ്കാളിത്തപെന്‍ഷന്‍പദ്ധതിപ്രഖ്യാപനംവഴി ഒരിക്കല്‍ക്കൂടി ഈ ജനവിരുദ്ധത യു ഡി എഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അവരവരുടെ പെന്‍ഷനുള്ള തുക കൂടി സര്‍ക്കാരിലേയ്ക്ക് നിക്ഷേപിക്കേണ്ടിവും. അതായത് പെന്‍ഷന്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പതുക്കെ പിന്മാറുന്നു എന്ന് സാരം. പങ്കാളിത്തപെന്‍ഷന്‍പദ്ധതി 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി തുടരുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും തസ്തിക വെട്ടിച്ചുരുക്കുന്ന കാര്യത്തിലെന്നപോലെ നിലവിലുള്ള ജീവനക്കാര്‍ക്കും ഘട്ടംഘട്ടമായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.കേരളം, ത്രിപുര, ബംഗാള്‍ ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കിയെന്നും അതുകൊണ്ട് കേരളത്തിന് ഇതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നുമാണ് യു ഡി എഫ് സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ 2002 ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ സര്‍ക്കാര്‍ പങ്കാളിത്തപെന്‍ഷന്‍പദ്ധതി നടപ്പാക്കാനും തസ്തികകള്‍ വെട്ടിച്ചുരുക്കാനും ഉത്തരവിട്ടകാര്യം ജനങ്ങള്‍ മറന്നിട്ടില്ല. അതിനവര്‍ അന്ന് പറഞ്ഞ ന്യായവും ഇതുതന്നെയായിരുന്നു. മാത്രമല്ല ജീവനക്കാര്‍ക്ക് പെന്‍ഷനും മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ളവ നല്‍കുന്നതുകൊണ്ടാണ് സംസ്ഥാനത്തിന് അധിക സാമ്പത്തിക ഭാരം വരുന്നതെന്ന് കൂടി അവര്‍ വാദിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കുകയും പി എസ് സി റാങ്ക് ലിസ്റ്റ് അസാധുവാക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജീവനക്കാരുടെ വെട്ടിക്കുറച്ച അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു എന്ന് മാത്രമല്ല അതുകൊണ്ട് സര്‍ക്കാര്‍ ഖജനാവിന് ഒരു കോട്ടവും സംഭവിക്കുകയുമുണ്ടായില്ല.ഇത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിലെ ഒരു നിബന്ധന തന്നെയാണ്. എല്‍ ഐ സി അടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍തുക വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വകമാറ്റാന്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന നാള്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍പദ്ധതിയിലേയ്ക്ക് വിരമിക്കുന്നതുവരെ ഒരു ജീവനക്കാരന്‍ തന്റെ വിഹിതം നിക്ഷേപിക്കുമ്പോള്‍ അതുവഴി നിക്ഷിപ്തമാകുന്ന കോടികള്‍ ചൂതാട്ടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്‍കാനുള്ള 'ഹിഡന്‍ അജണ്ട' എതിര്‍ത്ത് തോല്‍പിക്കുക തന്നെവേണം. ബാങ്ക് ദേശസാല്‍ക്കരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ആഗോളസാമ്പത്തിക പതനകാലത്ത് രക്ഷിച്ചപ്പോള്‍ പങ്കാളിത്ത പദ്ധതി നടപ്പിലാക്കിയ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ജനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പാപ്പരായ കാര്യം ഓര്‍ക്കേണ്ടതുണ്ട്.അധികജീവനക്കാര്‍ക്കായുള്ള അന്വേഷണം സംസ്ഥാനഭരണക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ നടപടി സംബന്ധിച്ച കോലാഹലം കെട്ടടങ്ങിയിട്ടില്ല. ഇതെല്ലാം കൂട്ടിവായിക്കേണ്ട ജനദ്രോഹനടപടികളാണ്.ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ 24.5 ലക്ഷംകോടി രൂപ ദാനം നല്‍കിയ സര്‍ക്കാരിന് പങ്കാളിത്തപെന്‍ഷന്‍പദ്ധതിയില്‍ അംഗമാകാതെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ല എന്ന വാദം തികച്ചും ജനവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ഭരണക്കാരുടെ മുന്‍ഗണന ആര്‍ക്ക് എന്ന ചോദ്യത്തിന് വരുംനാളുകളില്‍ ഇവര്‍ മറുപടി പറയേണ്ടിവരും.തികച്ചും ജനവിരുദ്ധമായ നാടിന്നപമാനമായ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകണം. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിക്കാതെ മന്ത്രിസഭയെടുത്ത തീരുമാനം ഉടന്‍ പിന്‍വലിക്കണം. കേരളത്തെ മറ്റൊരു വാള്‍സ്ട്രീറ്റാക്കരുത്.

From   Rajesh S Vallicodu